അവസ്മരണീയ പ്രകടനങ്ങൾ കാഴ്ച്ചവെച്ച് ജയസൂര്യ ചിത്രങ്ങൾ തിയറ്ററിലും ടെലിവിഷനുകളിലും പ്രേക്ഷക കൈയടി നേടി മുന്നോട്ട് പോകുകയാണ്. താരത്തിന് മുൻപും പിൻപുമായി കടന്നു വന്നവർ സൂപ്പർ സ്റ്റാർ പദവിയിലേക്ക് എത്തിയപ്പോളും എത്തിക്കൊണ്ടിരിക്കുമ്പോളും ജയസൂര്യയെ മറക്കുകയാണോ എന്നൊരു സംശയം.
ജയസൂര്യ ഇതുവരെ ചെയ്ത എല്ലാ ചിത്രങ്ങളിലും ഹൃദയ സ്പർശിയായ ഒരു കഥാപാത്രം തെരഞ്ഞെടുക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ചില കഥാപാത്രങ്ങൾ നമ്മളെ കരയിപ്പിച്ചിട്ടുണ്ട്, ചിലർ നമ്മളെ അങ്ങേയറ്റം വേദനിപ്പിച്ചിട്ടുണ്ട്, ചിരിപ്പിച്ച് മണ്ണ് കപ്പിച്ചിട്ടുണ്ട്.. അങ്ങനെ വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളും ആശയങ്ങളും..
അപ്പോത്തിക്കിരി എന്ന ചിത്രത്തിലെ സുബിനെ കണ്ടാൽ തന്നെ അറിയാം ആ കഥാപാത്രത്തിന് വേണ്ടി ജയസൂര്യ അനുഭവിച്ച കഷ്ടപ്പാടുകൾ. ദേശീയ അവാർഡിന്റെ പടി ചവിട്ടാൻ തുടങ്ങിയ ആ കഥാപാത്രത്തിന് സംസ്ഥാന അവാർഡിന്റെ അടുത്തെത്താൻ പോലും അനുവാദം കിട്ടിയില്ല.. ആട് ഒരു ഭീകര ജീവി അല്ല എന്ന സിനിമയുടെ വിജയം കണക്കിലെടുക്കാതെ അതിലെ ഷാജി പാപ്പൻ എന്ന കഥാപാത്രത്തെ മാത്രം പരിഗണിക്കുകയാണെങ്കിൽ അതൊരു വൻ ഹിറ്റായിരുന്നു. നർമ്മത്തിൽ നിറച്ച ആ കഥാപാത്രം എത്രത്തോളം പ്രേക്ഷകർ ആസ്വദിച്ചു എന്നതിലാണ് കാര്യം… കുമ്പസാരം എന്ന ചിത്രത്തിലെ അച്ഛനായി ജയസൂര്യ അഭിനയിക്കുകയല്ലായിരുന്നു, ജീവിക്കുകയായിരുന്നു.
മലയാളത്തിൽ നിന്ന് പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നാല് ചിത്രങ്ങളിൽ ഒന്നായിരുന്നു ലുക്കാ ചുപ്പി. പക്ഷെ ജയസൂര്യ മനോഹരമാക്കിയ ആ കഥാപാത്രവും ശ്രദ്ധിക്കപ്പെടാതെ പോയി.
അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലും ജയസൂര്യയുടെ കഥാപാത്രം വേറിട്ടതായിരുന്നു മറ്റുള്ളവർ അവരായി തന്നെ അഭിനയിക്കുമ്പോൾ ഒരു മുടന്തനായി അഭിനയിക്കാൻ ജയസൂര്യയ്ക്കല്ലാതെ വേറെ ഒരു നടനും സാധിക്കില്ല എന്നതാണ് സത്യം.
പിന്നീടും ഒരുപാട് ചിത്രങ്ങൾ … എല്ലാം എടുത്തുപറയാൻ പറ്റില്ല, കാരണം ആ ലിസ്റ്റ് നീണ്ടുകിടക്കുകയാണ്.. അവസാനം ഇന്നലെ പുറത്തിറങ്ങിയ സു സു സുധി വാത്മീകം എന്ന ചിത്രത്തിലും തന്റെ അഭിനയ വ്യത്യസ്തത നില നിർത്താൻ ജയസൂര്യയ്ക്ക് സാധിച്ചു. സിനിമ റിലീസ് ആകുന്നതിന് മുൻപുതന്നെ ചിത്രത്തിനെ കുറിച്ച് ഒരുപാട് അഭിപ്രായങ്ങൾ വന്നിരുന്നു. ആ ചിത്രവും ഒരുപാട് നല്ല അഭിപ്രായങ്ങൾ നേടി വിജയിച്ചിരിക്കുകയാണ്.
ഊമ ആയി അഭിനയിച്ചാണ് ജയസൂര്യ സിനിമയിലേക്ക് വരുന്നത്. അന്ന് തന്നെ ജയസൂര്യയ്ക്ക് പ്രേക്ഷകർ മനസ്സിൽ ഒരു സ്ഥാനം ഉറപ്പിച്ച് കൊടുത്തിരുന്നു. ആ സ്ഥാനത്തിന് ഇതുവരെ ഒരു വ്യതിചലനവും സംഭവിച്ചിട്ടില്ല. അവാർഡുകളോ അംഗീകാരങ്ങളോ അല്ല ജനങ്ങൾക്ക് തോന്നുന്ന ഇഷ്ടവും അടുപ്പവുമാണ് വലുതെന്നു വീണ്ടും ജയസൂര്യ തെളിയിച്ചിരിക്കുകയാണ്. ചോക്ലേറ്റ് പയ്യനായും നായകനായും വില്ലനായും കോമേഡിയൻ ആയും ഇനിയും വിസ്മയങ്ങൾ വിരിയിക്കാൻ നമുക്കും ആശംസിക്കാം…
Photo Courtesy : Google &Facebook/images may be subjected to copyright
Add comment