സിനിമ മോഹികളായ ചെറുപ്പക്കാർ സിനിമ ചെയ്ത് വിജയിക്കുന്ന ഈ കാലഘട്ടത്തിൽ പുതിയൊരു വിജയ ചരിത്രം കൂടി രചിക്കുകയാണ് ബിബിൻ – വിഷ്ണു കൂട്ടുകെട്ട്. നാദിർഷയുടെ സംവിധാനത്തിൽ ഒരുങ്ങിയ “അമർ അക്ബർ അന്തോണി’യുടെ തിരക്കഥാകൃത്തുക്കളായ ബിബിനും വിഷ്ണുവും മനസ്സ് തുറക്കുന്നു , സിനിമയുടെ വിജയത്തെകുറിച്ച് …. വളർന്നു വന്ന വഴികളെകുറിച്ച്…..
നാദിർഷിക്ക എന്ന ഗുരു…
“ഞങ്ങളുടെ ആദ്യ ചിത്രമാണ് “അമർ അക്ബർ അന്തോണി”. അത് വിജയിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. ഇക്കായുടെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചതാണ് ഞങ്ങളുടെ ഏറ്റവും വലിയ ഭാഗ്യം”. നാദിർഷിക്കയെകുറിച്ച് സംസാരിക്കുമ്പോൾ വാക്കുകൾ തികയുന്നില്ല ബിബിനും വിഷ്ണുവിനും.”ചെറിയ ചെറിയ വർക്കുകൾ ചെയ്തുകൊണ്ടിരുന്നപ്പോളാണ് സിനിമയ്ക്ക് സ്ക്രിപ്റ്റ് എഴുതാൻ ആഗ്രഹം തോന്നിയത്. വർക്ക് തുടങ്ങിയപ്പോൾ നാദിർഷിക്കയെ വിളിച്ച് അനുഗ്രഹം വാങ്ങിച്ചിരുന്നു. പിന്നീട് ഒരു വർഷത്തിനു ശേഷം കണ്ടപ്പോൾ ഇക്ക ചോദിച്ചു സ്ക്രിപ്റ്റിനെകുറിച്ച്. എഴുതി കഴിഞ്ഞുവെന്നു പറഞ്ഞപ്പോൾ കഥ പറയാൻ പറഞ്ഞു. കഥയായിട്ട് പറയാൻ അറിയില്ല ഇക്ക, വായിക്കാം എന്ന് പറഞ്ഞു തുടങ്ങി. ഞങ്ങൾ പറഞ്ഞു തുടങ്ങി രണ്ടര മണിക്കൂർ കഥ മുഴുവൻ കേട്ടിട്ട് ഇക്ക എഴുന്നേറ്റു കൈ തന്നു, എന്റെ ആദ്യ ചിത്രം ഇതായിരിക്കും എന്ന് പറഞ്ഞു. ആ ഒരു നിമിഷം അനുഭവിച്ച സന്തോഷം എന്താണെന്ന് പറഞ്ഞറിയിക്കാൻ അറിയില്ല. കാരണം അദ്ദേഹത്തെപോലെ അനുഭവസമ്പത്ത് ഉള്ള വ്യക്തി, ഇക്കയുടെ ആദ്യ ചിത്രം, ഒരുപാട് സ്റ്റാർ വാല്യൂ ഉള്ള നടന്മാർ, ചെറുപ്പക്കാരായ അല്ലെങ്കിൽ തുടക്കക്കാരായ ഞങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമായിരുന്നു ഈ അവസരം” , ബിബിൻ പറയുന്നു.
തിയറ്ററുകളിൽ മുഴുനീള കൈയടി നേടിയ ഡയലോഗുകൾ..
“ഞങ്ങളെ രണ്ടാളെയും ദൈവം വളരെയധികം അനുഗ്രഹിച്ചിട്ടുണ്ട്.ഈ സ്ക്രിപ്റ്റിന് വേണ്ടി ഒരുപാട് സമയം ഞങ്ങൾക്ക് കിട്ടിയിരുന്നു. കുറച്ച് വർഷങ്ങളായിട്ട് ഞാനും ബിബിനും ഈ സ്ക്രിപ്റ്റിനെ എങ്ങനെ നന്നാക്കാം എന്ന് കണ്ടെത്തുകയായിരുന്നു. സ്ക്രിപ്റ്റിനെ ഒരുപാട് പോളിഷ് ചെയ്തെടുക്കാൻ സാധിച്ചു. പുതിയ തിരക്കഥാകൃത്തുക്കളാകുമ്പോൾ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന ഒരു പേടിയുണ്ടായിരുന്നു ഞങ്ങൾക്ക്. പിന്നെ എല്ലാം ദൈവത്തിൽ സമർപ്പിച്ചു. തിയറ്ററുകളിൽ കിട്ടിയ കൈയടി ആയിരുന്നു ഞങ്ങളുടെ പ്രചോദനം.” സിനിമയ്ക്ക് ലഭിച്ച കൈയടിയെക്കാൾ ഉറപ്പുണ്ടായിരുന്നു വിഷ്ണുവിന്റെ വാക്കുകൾക്ക്.
ബഡായി ബംഗ്ലാവിലെ എഴുത്തുകാരൻ…
“അജിത് രവി സാറിന്റെ “രാവ്” എന്ന സിനിമയിലായിരുന്നു ഞാൻ ആദ്യമായി അഭിനയിച്ചത്. പിന്നീട് കുറച്ച് ഗൾഫ് ഷോകൾക്ക് വേണ്ടി സ്ക്രിപ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോൾ ബഡായി ബംഗ്ലാവ് എന്ന പരിപാടിക്ക് വേണ്ടി 3 പേർ ചേർന്നാണ് സ്ക്രിപ്റ്റ് എഴുതുന്നത്. അതിൽ ഒരാൾ ഞാൻ ആണ്”, ബിബിൻ പറയുന്നു.
തിരക്കഥാകൃത്ത് v/s നടൻ
വിഷ്ണു തിരക്കഥാകൃത്ത് എന്ന നിലയിൽ അല്ലാതെ തന്നെ മലയാളികൾക്ക് സുപരിചിതനാണ്. “തിരക്കഥ ചെയ്യുന്നതിന് മുൻപ് തന്നെ ഞാൻ കുറച്ച് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇയ്യോബിന്റെ പുസ്തകത്തിലെ ലാലിന്റെ ചെറുപ്പം, പളുങ്ക് , മായാവി അങ്ങനെ കുറച്ച് സിനിമകൾ. മഹാരാജാസിൽ ബികോം പഠനത്തിന് ശേഷം സിനിമ മാത്രമായിരുന്നു ലക്ഷ്യം. ഇന്ഡസ്ട്രിയില് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ഇപ്പോൾ വളരെയധികം സന്തോഷമുണ്ട്.പക്ഷെ ഞാനും ബിബിനും ഒരുമിച്ച് ചെയ്യുന്ന ആദ്യ വർക്കാണിത്.
പുത്തൻ തലമുറയുടെ സഞ്ജയ് – ബോബി ടീം….
“ഒരുപാട് കാര്യങ്ങളിൽ ഒരുപോലെ ചിന്തിക്കുന്നവരാണ് ഞാനും വിഷ്ണുവും. അത് തന്നെയല്ല കലയും സന്മാർഗതയും യോജിക്കുമ്പോളാണ് നല്ലൊരു വർക്ക് ഉണ്ടാകുന്നുള്ളൂ എന്നാണ് ഞങ്ങളുടെ വിശ്വാസം. പേനയും പേപ്പറും എടുത്ത് ഇരിക്കുമ്പോൾ എഴുതാനുള്ള കാര്യങ്ങൾ ഉള്ളിൽ നിന്നും ഉണ്ടാകണം. ഒരുമിച്ച് ഇനിയും വർക്കുകൾ ചെയ്യാൻ ആഗ്രഹമുണ്ട്. ദൈവം സഹായിക്കട്ടെയെന്നു പ്രാര്ത്ഥിക്കുന്നു”. ബിബിന്റെ വാക്കുകളിൽ ആത്മവിശ്വാസം നിറയുന്നു.
പ്രതികരിക്കാൻ ആഗ്രഹമുള്ള ചെറുപ്പക്കാർ…
“സമൂഹത്തിലെ ഓരോ വാർത്തകൾ കേൾക്കുമ്പോൾ പ്രതികരിക്കണമെന്ന ചിന്ത ഓരോരുത്തരുടെയും ഉള്ളിൽ ഉണ്ട്. പക്ഷെ പ്രതികരിക്കാൻ അവർക്ക് കഴിയുന്നില്ല എന്നതാണ് സത്യം. ഈ ചിന്തയാണ് ഇതുപോലെ ഒരു കഥ എഴുതാൻ ഞങ്ങളെ പ്രേരിപ്പിച്ചത്”. ഓരോ അതിക്രമങ്ങൾ കണ്ടിട്ടും പ്രതികരിക്കാൻ കഴിയാതെ അമർഷം ഉള്ളിൽ ഒതുക്കുന്ന ഓരോ ചെറുപ്പക്കാരുടെയും സ്വരമായിരുന്നു ബിബിനിൽ.” എല്ലാരേയും പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സാധാരണ ചെറുപ്പമാണ് ഞങ്ങളും. ഞങ്ങളുടെ സങ്കടമാണ് ഈ കഥയിൽ പറഞ്ഞത്”.
നാദിർഷ , പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ ടീമിനൊപ്പം …
“ഇവരുടെ ഫ്രെണ്ട്ഷിപ്പിന്റെ ആഴമാണ് ശരിക്കും സിനിമയുടെ വിജയം. അവർ നിൽക്കുന്ന ഉയരങ്ങളിൽ നിന്നും ഒരുപാട് താഴെ നിന്നാണ് ഈ സിനിമയ്ക്ക് വേണ്ടി അവർ വർക്ക് ചെയ്തത്. കാരണം എല്ലാരുവരുടെയും കഥാപാത്രങ്ങൾ ഹ്യൂമർ നിറഞ്ഞതായിരുന്നു. ഒരുവിധത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. നാദിർഷിക്ക പറഞ്ഞ് കൊടുക്കുന്നതെല്ലാം ശ്രദ്ധിച്ച് സഹകരണത്തോടെയായിരുന്നു എല്ലാവരും കേട്ടിരുന്നത്. എല്ലാവരും ഞങ്ങൾക്ക് കിട്ടിയ വലിയൊരു ഭാഗ്യമായിരുന്നു.”
“സിനിമയിൽ പുരുഷാധിപത്യം ആയിരുന്നെങ്കിലും അത് കോമഡിയ്ക്ക് വേണ്ടി ചെയ്തതാണ്. ശരിക്കും പറഞ്ഞാൽ ഇത് നമ്മുടെ സമൂഹത്തിലെ സ്ത്രീകൾക്ക് വേണ്ടിയുള്ള ചിത്രമാണ്. അത് പ്രേക്ഷകർ ഇത്രയധികം സ്നേഹത്തോടെ സ്വീകരിച്ചതിൽ അധിയായ സന്തോഷം ഉണ്ട്”.
ഈ പങ്കാളികൾ വീണ്ടും തുടരുകയാണ് അവരുടെ ജൈത്രയാത്ര… ഇതുപോലെ തന്നെ ആ യാത്രകളെല്ലാം വിജയത്തിലേക്ക് ആയിരിക്കട്ടെ എന്ന് നമുക്കും ആശംസിക്കാം….
Add comment