മലയാള സിനിമ ചരിത്രത്തിൽ എന്ന് നിന്റെ മൊയ്തീൻ എഴുതി ചേർത്തത് സ്വർണ ലിപികളിലായിരുന്നു. പകരം വെയ്ക്കാൻ മറ്റൊന്നുമില്ലാത്ത ഒരു പ്രണയ കഥ. ഇന്ന് ഒരു നേട്ടം കൂടി മൊയ്തീൻ ഏറ്റുവാങ്ങുകയാണ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രോസ് കളക്ഷന്‍ നേടിയ ആറ് ചിത്രങ്ങളിലൊന്ന് മൊയ്തീനാണ്.
മലയാള സിനിമയിലെ താരങ്ങളെ എല്ലാം അണിനിരത്തികൊണ്ട് വലിയൊരു ബജറ്റിൽ ചെയ്ത ട്വന്റി 20 ആയിരുന്നു ഗ്രോസ് കളക്ഷന്കൊണ്ടും താരസമ്പന്നതകൊണ്ടും നിര്‍മാണച്ചെലവുകൊണ്ടും മലയാളത്തിലുണ്ടായ ഏറ്റവും വലിയ ചിത്രം. 33 കോടിയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍.പിന്നീട് മമ്മൂട്ടിയെ നായകനാക്കി ചരിത്ര കഥ പറഞ്ഞ പഴശ്ശി രാജ 32 കോടി നേടി ട്വന്റി 20യ്ക്ക് തൊട്ടുപിന്നിലെത്തി. പഴശ്ശി രാജയ്ക്ക് ശേഷം ഇതുപോലൊരു കളക്ഷൻ നേടാൻ മതിയായ ചിത്രമൊന്നും മലയാളത്തിൽ ഉണ്ടായില്ലെന്ന് പറയാം.
പക്ഷെ മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം മലയാള സിനിമയ്ക്ക് ഭാവിയിലേക്കൊരു പ്രചോദനമായി. 75 കോടി രൂപ കളക്ഷൻ നേടിയ ദൃശ്യം തന്നെയാണ് ഇന്നും ഏറ്റവും കൂടുതല്‍ ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രമായി നില്‍ക്കുന്നത്. ഇതിനൊപ്പം തന്നെ റിലീസ് ചെയ്ത ബാംഗ്ലൂര്‍ ഡെയ്സിന്റെ ഗ്രോസ് കളക്ഷന്‍ 48 കോടി രൂപയാണ്.
പ്രേമം എന്ന സിനിമ തിയറ്ററുകളിൽ എത്തിയപ്പോൾ ദൃശ്യത്തിന്റെ റെക്കോർഡ് തിരുത്തുമെന്നു പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും വ്യാജ കോപ്പികള്‍ പ്രചരിച്ചത് പ്രതീക്ഷകളെ അസ്ഥാനത്താക്കി എന്ന് പറയാം. എന്നാലും 60 കോടി രൂപ നേടാൻ പ്രേമത്തിനു സാധിച്ചു.
ഈ കണക്കുകളെ എല്ലാം മൊയ്തീനു തിരുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. കാരണം ഇപ്പോളും ഹൗസ് ഫുള്ളായി ഓടുന്ന ചിത്രത്തിൻറെ കേരളത്തിലെ ഇപ്പോളത്തെ മാത്രം കണക്കനുസരിച്ചു 30 കോടിയാണ് മൊയ്തീൻ നേടിയിരിക്കുന്നത്. എന്ന് നിന്റെ മൊയ്തീൻ മറ്റു ചിത്രങ്ങളെ പിന്നിലാക്കുമോ എന്ന് കാത്തിരുന്നു കാണാം.
Photo Courtesy:Google/Images may be subject to copyright
Add comment